
അജിത വി എസ്: തിരുവനന്തപുരം സ്വദേശി. സുവോളജിയിൽ ഡോക്ടറേറ്റ്. യൂണിവേഴ്സിറ്റി കോളെജിൽ അസോ. പ്രൊഫസർ. ‘മഴ നനഞ്ഞെത്തുന്ന വാക്ക്’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മാർച്ച് 21; ലോക കവിതാ ദിനം:
2025ലെ യുനെസ്കോ ലോക കവിതാ ദിനത്തിൽ മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാർ പ്രതിഭാവത്തിനു നല്കിയ കവിതകളിൽ, അജിത വി. എസ്. രചിച്ച ‘ആകാശത്തിനുമപ്പുറം’ എന്ന കവിത.
കാലവും മുഖം നോക്കും
ജലദർപ്പണംപോലെന്നിലെ-
യെന്നെ വരയ്ക്കുന്നു,
മായ്ക്കുന്നൂ നിർന്നിമേഷം
കവിതേ, പൂക്കുന്നുവോ
നിന്നിലാറാമതൊരിന്ദ്രിയം!
സ്വച്ഛമീ നിലാക്കയങ്ങളിൽ
ബോധമറ്റുറങ്ങുന്ന നേരവും
നിർന്നിദ്രം തിരയുന്നു,
മൗനത്തിന്നിലയനക്കമെ-
ന്നിടറും ശ്വാസതാളങ്ങളിൽ.
അത്രമേൽ സൂക്ഷ്മം
നിലീനമാനന്ദം,ആഴിയാ-
യെന്നിലാകാശവും കട-
ന്നേത് നിഗൂഢ പ്രപഞ്ച-
ഹൃത്തിലീയൗഷധക്കാറ്റ്
വാറ്റിയെടുക്കുന്നു!
ലോലമെന്റെ പ്രാണ-
നീർവല്ലി, നിന്നിലല്ലേ
പടർന്നുലാവുന്നു,
കുസൃതിക്കൈയാൽ
കാലം മായ്ക്കുമെൻ
ജീവാക്ഷരങ്ങളെ
കൂരിരുട്ടിന്നുലയിലൂതിയൂതി
സ്ഫുടം ചെയ്തു നൽകണേ.
ദുർന്നിമിത്തങ്ങൾ മകുടി-
യൂതുമ്പൊഴെൻ പ്രജ്ഞയിൽ
ഫണം വിരിച്ചാടണേ,
നിൻ ദയാദംശനത്തിലെൻ
ശോകവൃക്ഷങ്ങൾ
പൂവിടേണമേ!
അജിത വി എസ്: തിരുവനന്തപുരം സ്വദേശി. സുവോളജിയിൽ ഡോക്ടറേറ്റ്. യൂണിവേഴ്സിറ്റി കോളെജിൽ അസോ. പ്രൊഫസർ. ‘മഴ നനഞ്ഞെത്തുന്ന വാക്ക്’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.