
റൈനോയിൽനിന്നും ലഭിച്ച 'നല്ല ജീവൻ'
ഹിമാലയ മഞ്ഞ് മൂടിക്കിടക്കുന്ന, ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളായ ആസാമിന്റെയും മേഘാലയയുടെയും പച്ചപ്പുകളെ തൊട്ടറിയാൻ കഴിഞ്ഞ ഒരു യാത്ര.
ഹിമാലയമഞ്ഞ് മൂടിക്കിടക്കുന്ന, ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളായ ആസാമിന്റെയും മേഘാലയയുടെയും പച്ചപ്പുകളെ തൊട്ടറിയാൻ കഴിഞ്ഞ ഒരു യാത്രയായിരുന്നു അത്.
തിരുവനന്തപുരത്തെ സൂര്യശ്രീ ട്രാവൽ ഏജൻസി സംഘടിപ്പിച്ച ഒരു യാത്രാ പ്രൊജക്ടിന്റെ ഭാഗമായാണ് ഈ ട്രിപ്പ് നടത്തിയത്. ഇന്ത്യയുടെ സപ്ത സഹോദരി സംസ്ഥാനങ്ങൾ എന്നറിയപ്പെടുന്ന അരുണാചൽ പ്രദേശ്, ആസാം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിലേക്ക്, വിവിധ ഗ്രൂപ്പുകളായി പോകുന്ന പ്രൊജെക്ട് ആണ്. അതിൽ, ആസാം- മേഘാലയ സന്ദർശക ഗ്രൂപ്പിന്റെ ഭാഗമായാണ് ഞാനും ഭർത്താവ് വി. കെ. വിജയനും പോയത്.
ഈ വർഷം, 2025 മാർച്ച് 9 മുതൽ 15 വരെ ഒരാഴ്ചക്കാലം നീണ്ടുനിന്ന പര്യടനമായിരുന്നു അത്. 24 പേരാണ് ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്നത്. ഏജൻസിയുടെ മാനേജിങ് ഡയറക്ടർ പ്രദീപ് തലയിലാണ് ടീം ലീഡർ. ടീമിൽ ഒരു വിശിഷ്ടാതിഥി കൂടിയുണ്ടായിരുന്നു, പ്രശസ്ത സിനിമാ ഗായിക മഞ്ജരി ബാബുവിന്റെ അമ്മ ഡോ. ലത.
ഞങ്ങൾ കൊച്ചിയിൽ നിന്നും മറ്റുള്ളവർ തിരുവനന്തപുരത്തു നിന്നും വെവ്വേറെ ഫ്ലൈറ്റിലാണ് യാത്ര തിരിച്ചത്. കൊച്ചിയിൽനിന്ന് രാവിലെ 5.10നുള്ള പുറപ്പെട്ട, കൊച്ചി-ബാംഗ്ലൂർ, ബാംഗ്ലൂർ- ഗുവാഹട്ടി ഇൻഡിഗോ ഫ്ലൈറ്റ് ഗുവാഹട്ടിയിലെത്തുമ്പോൾ ഉച്ചനേരം 12.30. പകൽ ക്രമേണ ചൂടുള്ള ഒരു കാലാവസ്ഥ. അവിടെ വെച്ചാണ് ഞങ്ങൾ ഗ്രൂപ്പുമായി ചേരുന്നത്.
3 മണിയോടുകൂടി എയർപോർട്ടിൽ നിന്ന് ഇറങ്ങുമ്പോഴും നല്ല ചൂടുള്ള അന്തരീക്ഷമായിരുന്നു പുറത്ത്. രണ്ട് ട്രാവലറുകളിലായി സംഘത്തിന്റെ ആദ്യയാത്ര, കാസിരംഗ ദേശീയോദ്യാനത്തിലേക്ക് ആയിരുന്നു. എയർപോർട്ടിൽ നിന്നും ഏകദേശം 300 കിലോമീറ്റർ ദൂരമുണ്ട് കാശിറംഗയിലേക്ക്.
471 ചതുരശ്ര കിലോമീറ്ററിൽ കിടക്കുന്ന കാസിരംഗ ഒരു നിത്യഹരിത വനമേഖലയാണ്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ച, അനവധി ചതുപ്പുകളും പുൽമേടുകളുമുള്ള ഈ ഉദ്യാനം, അസമിലെ ഗോലഘട്ട്, നാഗോവൻ, സോണിത്പുർ, ബിസ്വനാഥ് ജില്ലകളിലായാണ് കിടക്കുന്നത്. ലോകത്തുള്ള മൊത്തം കണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും ഇവിടെയാണ് ഉള്ളത്.

രാത്രി 8 മണി കഴിഞ്ഞാണ് കാസി റംഗയിലെ റിസോർട്ടിൽ എത്തിയത്. കാടിന്റെ ഒത്ത നടുവിൽ, ചെറിയ ഇടറോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന, തരക്കേടില്ലാത്ത ഒരു ഹോംലി റിസോർട്ട്. ഗേറ്റ് കടക്കുന്നതോടെ തുടങ്ങുന്ന പൂന്തോട്ടം. മുകൾ നിലയിലാണ് അതിഥികൾക്കായുള്ള താമസസൗകര്യം. താഴെ ഹൌസ് ഓണറും കുടുംബവും താമസിക്കുന്നു.
നല്ല വൃത്തിയുള്ള മുറികൾ. ബാൽക്കണിയിൽ നിന്ന് നോക്കിയാൽ ഏതാനും വീടുകൾ കാണാം. റിസോർട്ടിൽനിന്ന്, അല്പം മാറി താഴെയായാണ് ഭക്ഷണശാല. ചപ്പാത്തിയും ബ്രഡ്ഡും ചോറും മുട്ടയും ചിക്കനും വെജിറ്റബിൾ കറികളും മറ്റും അതിഥികളുടെ താല്പര്യാനുസരണം ലഭ്യമാണ്.
ചെറിയൊരു പുൽമൈതാനത്തിൽ, ഭക്ഷണശാലയ്ക്ക് പുറത്തും ഏതാനും ഇരിപ്പിടങ്ങളുണ്ട്. റൈനോയുടെ ചിത്രങ്ങളും പ്രതിമകളുമാണ് അവിടെ കൂടുതൽ കണ്ടത്. റൈനോ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് അതൊക്ക കണുമ്പോൾ മനസിലാകും. എടുത്തുപറയേണ്ട മറ്റൊരു പ്രധാനപ്പെട്ട സവിശേഷത, അവിടത്തെ ജീവനക്കാരുടെ ഹൃദ്യമായ പെരുമാറ്റമാണ്. അത്രയ്ക്കും സൗഹാർദ്ദപരമായാണ് അവർ അതിഥികളോട് ഇടപഴകുന്നത്. ഓരോ അതിഥിയുടെയും അഭിരുചികളെ പ്രത്യേകം അന്വേഷിച്ച് നിവർത്തിച്ചു കൊടുക്കാൻ ഒരു പ്രത്യേക മിടുക്കു തന്നെ കാണിക്കുന്നുണ്ട് അവർ.
രാവിലെ 8 മണിയോടെ ഞങ്ങൾ ഉദ്യാനത്തിന്റെ എൻട്രൻസിലെത്തി. ജീപ്പ് സവാരിയാണ്. 6 പേരടങ്ങുന്ന സംഘമായാണ് യാത്ര. അകത്തേക്ക് പ്രവേശിക്കുന്നതിനു മുൻപ് ചെക്ക് പോസ്റ്റുണ്ട്. ഒരു മിഠായി പോലും കൊണ്ടുപോകാൻ അനുവദമില്ല. ഒരു ബൈനോക്കുലർ തന്നു. അതിന് എക്സ്ട്രാ ഫീ കൊടുക്കണം. പ്രവേശന ഫീസ് ഇന്ത്യക്കാർക്ക് 100 രൂപയും വിദേശികൾക്ക് 650 രൂപയുമാണ്. ക്യാമറയ്ക്ക് വേറെ കൊടുക്കണം. ജീപ്പ് സഫാരിയ്ക്ക് 3500 രൂപ മുതൽ 4500 രൂപ വരെ ഓരോ ഭാഗത്തിനും ഓരോ നിരക്കുകളാണ്. ആന സഫാരിയുണ്ട്. അതിനും വ്യത്യസ്ത നിരക്കുകൾ ഉണ്ട്. 1200 രൂപ മുതൽ 1500 രൂപ വരെ വിവിധ ഭാഗങ്ങളിലേക്കുള്ള സഫാരിയ്ക്ക് ഈടാക്കുന്നു.
ജീപ്പ് കാനനോദ്യാനത്തിലേക്ക് കടന്നു. ചില സ്ഥലങ്ങളിൽ വലിയ മരങ്ങൾ ഉണ്ടെങ്കിലും തിക്ക് ഫോറസ്റ്റ് അല്ല. കുറ്റിച്ചെടികളും പുൽമേടുകളുമാണ്. വിജനമായ കാടിന്റെ നടുവിലൂടെ പൊടിയും മണലും ചീറ്റിതെറിപ്പിച്ചുകൊണ്ട്, ജീപ്പങ്ങനെ പോയ്കൊണ്ടിരുന്നു. കുറച്ചു ദൂരം ചെന്നപ്പോൾ മൃഗങ്ങളെ കാണാൻ തുടങ്ങി. മാനുകളും, പോത്തുകളും. രണ്ട് ആനകൾ ഞങ്ങളുടെ ജീപ്പിന് നേരെ നടന്നുവരുന്നുണ്ട്. ജീപ്പ് നിർത്തി എല്ലാരും നിശബ്ദരായിരുന്നു. ‘ഒന്നു പോടേയ്’ എന്ന ഭാവത്തിൽ ഞങ്ങളെ ഒന്നു നോക്കി, ജീപ്പിന്റെ രണ്ടു വശത്തൂടെ അവർ കടന്നുപോയി. കുറച്ചു ദൂരെ നിന്ന് വടിയുമൊക്കെയായി കുറച്ചു പട്ടാളക്കാർ നടന്നുവരുന്നത് കണ്ടപ്പോഴാണ് ഇത്ര മാന്യമായി ആനകൾ കടന്നുപോയതിന്റെ രഹസ്യം മനസ്സിലായത്.



ഒരിടത്ത് കുറേ മൃഗങ്ങൾ കൂട്ടമായി കിടക്കുന്നത് കണ്ടു. റൈനോ(കണ്ടാമൃഗം) ആണെന്ന് കരുതി വണ്ടി നിർത്തി നോക്കിയപ്പോൾ, അതിഗംഭീരൻ പോത്തുകളാണ്. മറ്റൊരിടത്ത് സവാരിക്കുള്ള ആനകളെ തയാറാക്കുന്നത് കണ്ടു. കുന്നും മലകളും പാടോം ഒക്കെ കടന്നുപോയിട്ടും റൈനോയെ മാത്രം കാണാനില്ല. ഓരോരുത്തരിലും നിരാശ മണക്കാൻ തുടങ്ങി. ആനകളെയും, ടൈഗറിനെയും സൂക്ഷിക്കണം എന്ന ബോർഡ് പലയിടത്തും കാണാനുണ്ടായിരുന്നു.
കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ മനോഹരമായ ഒരു കാട്ടുച്ചോല. അതിന്റ അപ്പുറത്തായി ഒരു എമണ്ടൻ റൈനോ നിന്ന് പുല്ലുതിന്നുന്നു. ആഹാ! എല്ലാർക്കും സന്തോഷമായി. ബൈനോക്കുലർ വച്ച് നോക്കിയപ്പോൾ വ്യക്തമായ കാഴ്ച കിട്ടി. കുറച്ചു നേരം അത് ആസ്വദിച്ചുനിന്നു.
ജീപ്പ് പതുക്കെ നീങ്ങിതുടങ്ങി. കൂട്ടത്തിലൊരാളുടെ തൊപ്പി പറന്നുപോയി. വണ്ടി നിർത്തിയപ്പോൾ, അതെടുക്കാനായി അയാൾ പുറത്തിറങ്ങാൻ ഭാവിച്ചു. ആസമയം ഡ്രൈവർ വിലക്കി, ‘അരുത് പുറത്തിറങ്ങുന്നത് അപകടമാണ്’. ഡ്രൈവർ വണ്ടി പുറകോട്ടെടുത്ത്, തൊപ്പിക്കരികിൽ എത്തിയാണ് അതെടുത്തത്. ഡ്രൈവർ വിലക്കിയതിന്റെ കാരണം പിന്നീടാണ് മനസ്സിലായത്. കാട് നിഗൂഢമാണ്, വിജനമാണ്, സൗന്ദര്യത്തോടൊപ്പം വന്യതയും അവിടെ ഒളിഞ്ഞിരിക്കുന്നുണ്ട്.


മുന്നോട്ട് പോകവേ ഒരു പുഴ. അതിന്റെ ചെളി നിറഞ്ഞ ഒരു ഭാഗത്തായി ഒരു ആന ഫാമിലി നീരാടുന്നു. ചില ആനകൾ ചെളിയിൽ പുതഞ്ഞു നില്ക്കുന്നു. മറ്റു ചിലർ പുഴഭാഗത്തെ മൈതാനിയിൽ വെയിൽ കായുംപോലെ നില്ക്കുന്നു, നടക്കുന്നു. മറ്റൊരു ഭാഗത്തായി ആനക്കുട്ടികളുടെ കുസൃതികൾ. നല്ല രസകരമായ കാഴ്ച! ഞങ്ങളെല്ലാം അവിടെ ഇറങ്ങി കുറേ ഫോട്ടോസ് എടുത്തു.
പിന്നെയും മുന്നോട്ട് പോകവേ, മറ്റൊരു അനുഭവം ഉണ്ടായി. ഇരുവശത്തും ഉണങ്ങിയ പുല്ല്. അതിനിടയിൽ ഒരു റൈനോ പുല്ല് തിന്നുന്നു. റൈനോയെ അടുത്തുനിന്നു കാണാൻ കഴിഞ്ഞതിന്റെ ത്രില്ലിൽ ഞങ്ങൾ ജീപ്പ് നിർത്തിച്ച് , ഫോട്ടോസ് എടുക്കാൻ തുടങ്ങി. ക്യാമറ മിഴി ചിമ്മിയപ്പോൾ അവനൊന്ന് തലയുയർത്തി നോക്കി. ഒരു നിമിഷം ഞങ്ങളെ തന്നെ നോക്കി നിന്ന അവൻ, പെട്ടെന്നാണ് ഞങ്ങളുടെ ജീപ്പിന് നേരെ ഓടിവന്നത്. അവസരോചിതമായി ഡ്രൈവർ സ്റ്റാർട്ട് ചെയ്തു നിന്നിരുന്നതിനാൽ, പുറത്തുള്ളവർ അകത്ത് കയറിയ ഉടനെതന്നെ ജീപ്പെടുത്ത് പായാൻ പറ്റി. ഞങ്ങളുടെ ‘നല്ല ജീവൻ’ പോയെങ്കിലും അവന്റെ അക്രമണത്തിന് ഇരയായില്ലല്ലോ എന്ന ആശ്വാസത്തിൽ ആ യാത്ര തുടർന്നു.
തുടരും…