ഗംഗയില്‍ മുങ്ങി നിവരുമ്പോഴും വിയര്‍ക്കുകയായിരുന്നു…
ഉള്ളിലെ ഉഷ്ണമാണ് സ്വേദകണങ്ങളായി പുറത്തേക്കൊഴുകുന്നത്. ഒച്ചവെയ്ക്കാതൊഴുകുന്ന ഗംഗയിൽ തന്റെ ഹൃദയത്തുടിപ്പുകള്‍ മാത്രം ഉയരുന്നതായി കര്‍ണ്ണനു തോന്നി. താനെന്തിനാണിത്ര ഖിന്നനാകുന്നത്?
കര്‍ണ്ണന്റെ ഉള്ളം നിർത്താതെ മഥിച്ചുകൊണ്ടിരിക്കുകയാണ്. നിദ്രാഭംഗം വന്നതിനാലാണ് സുയോധനനോട് ഗംഗാസ്നാനം ചെയ്തു വരാമെന്നു പറഞ്ഞ് ഇവിടെയെത്തിയത്.
ഗംഗയുടെ കുളിരുപോലും ഉഷ്ണമായിട്ടു മാറുന്നത് എന്തുകൊണ്ടാവാം? താന്‍ ശരിക്കും സൂതപുത്രനോ? അതോ തന്തയില്ലാത്തവനോ? ‘പിഴച്ചുപെറ്റവന്‍’ എന്ന ആ വിളി എവിടെ വച്ചാണ് ആദ്യമായി തന്റെ കാതുകൾ കേട്ടത്?അന്തരീക്ഷത്തില്‍ ഇപ്പോഴും പ്രതിദ്ധ്വനിക്കുന്ന കുശുകുശുക്കലുകൾക്ക്, പരിഹാസങ്ങൾക്ക് എവിടെയാണ് ഉത്തരം കിടക്കുന്നത്?
ആയിരക്കണക്കിനു ശരങ്ങള്‍ ഹൃദയത്തിലേക്ക് ആഴ്ന്നിറിങ്ങുന്നു. ഭൂമിയുടെ മടിയില്‍ ആലംബമില്ലാതെ കിടന്നപ്പോള്‍ ധര്‍മ്മപുത്രരടക്കമുള്ള സദസ്സിന്റെ ചിരി. കുന്തിയുടെ കണ്ണുകള്‍ മാത്രം ആർദ്രമാകുന്നത് കണ്ടു. ഭീമന്റെ മുഖത്തും ആ ആര്‍ദ്രതയുണ്ടായിരുന്നു. ദ്രൗപദിയുടെ മുഖം താഴുന്നതും കണ്ടു. സുയോധനന്റെ ബലിഷ്ഠമായ കരങ്ങള്‍ പിടിച്ചെഴുന്നേല്‍പ്പിക്കുമ്പോള്‍ സാഹോദര്യത്തിന്റെ സ്നേഹം നിറയുന്നതായി തോന്നി.
വഴിയിരികില്‍ പല്ലക്ക് നിര്‍ത്തി കുന്തീദേവി എന്തിനാവും സങ്കടപ്പെട്ടത്? സൂത്രപുത്രനായ തന്നെ ക്ഷത്രിയനെന്നു പരശുരാമന്‍ പരാമർശിച്ചതെന്തിന്? തന്റെ കവചകുണ്ഡലങ്ങള്‍ തട്ടിയെടുക്കുവാന്‍ ഇന്ദ്രന്‍ ബ്രാഹ്‌മണവേഷത്തിലെത്തുമെന്ന് മുന്നറിയിപ്പു നല്‍കാന്‍ സൂര്യദേവനെന്തിനെത്തി?
കര്‍ണ്ണന്‍ ആകാശത്തിലെ ആഴങ്ങളിലേക്ക് നോക്കി. ഉത്തരം തേടി കറുത്ത മേഘങ്ങളും സൂര്യനിലേക്ക് യാത്ര പോവുകയാണോ?
ഈ സമയം, ഗംഗയുടെ തീരത്ത് മുലപ്പാലിന്റെ മണം പരക്കുന്നതുപോലെ… അകലെ നിന്നും ഒരു രൂപം കര്‍ണ്ണന്റെ അരികിലേക്ക് നടന്നടുക്കുന്നുണ്ടായിരുന്നു.