മാർച്ച് 21; ലോക കവിതാ ദിനം:

2025ലെ യുനെസ്കോ ലോക കവിതാ ദിനത്തിൽ മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാർ പ്രതിഭാവത്തിനു നല്കിയ കവിതകളിൽ, സന്ധ്യ ഇ രചിച്ച ‘കാട്ടുപൂച്ചയും നാട്ടുപൂച്ചയും’ എന്ന കവിത.

കാട്ടുപൂച്ചയും നാട്ടുപൂച്ചയും

ചില കവിതകൾ അങ്ങനെയാണ്,
മെരുങ്ങില്ല,
വർഷമെത്ര കഴിഞ്ഞാലും.
തൊടുമ്പോഴൊക്കെ ദേഷ്യത്തിൽ ചീറും,
മീശവിറപ്പിക്കും,
തലോടാനായുമ്പോൾ മാന്തിക്കീറും.
മുറിവിൽനിന്നു ചോര പൊടിയുമ്പോൾ
ഭയമേതുമില്ലാതെ നക്കിക്കുടിക്കും.
എന്നിട്ടും മതിയാവാതെ
ആർത്തിയോടെ നോക്കും.
മറ്റു ചിലത്
ജനിക്കുന്നതേ കുറുകിക്കൊണ്ടാവും
കാലിൽ വന്നുരുമ്മുമ്പോഴേയറിയൂ
എടുത്ത് മടിയിൽ വെക്കാതിരിക്കാനോ
ലാളിക്കാതിരിക്കാനോ ആവില്ല,
വീട്ടുപൂച്ചകളെപ്പോലെ.
ചിലപ്പോൾ
രാത്രിയിൽ പുതപ്പിനിടയിൽ നുഴഞ്ഞുകയറും,
നെഞ്ചിൽ കിടന്നുറങ്ങും,
തട്ടിമാറ്റിയാലും പോകാതെ ശല്യമെന്നു തോന്നിപ്പിച്ച്.
കാട്ടുപൂച്ചയോ നാട്ടുപൂച്ചയോ ആവട്ടെ,
കടിച്ചുകീറാനോ നക്കിത്തുടക്കാനോ ആവട്ടെ,
ഒരു പൂച്ച
കൂടെ ഉണ്ടാവുന്നതുതന്നെയാണ് നല്ലത്.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹