മാർച്ച് 21; ലോക കവിതാ ദിനം:

2025ലെ യുനെസ്കോ ലോക കവിതാ ദിനത്തിൽ മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാർ പ്രതിഭാവത്തിനു നല്കിയ കവിതകളിൽ, രാജൻ കൈലാസ് രചിച്ച ‘കവിതയായവൾ’ എന്ന കവിത.

കവിതയായവൾ

മെല്ലെയെന്നരികത്തു വന്നു നീ
കവിതചൊല്ലിക്കനിഞ്ഞിരിക്കുന്നതും
വരികളിൽപ്പുതിയ മധുരം പുരട്ടവേ
കവിളിലോരോരോ
തെച്ചികൾ പൂത്തതും
കണ്ടുകണ്ടങ്ങിരിക്കേ ജനാലകൾ
കാറ്റുവന്നങ്ങടച്ചു പോകുന്നതും
കവിതപുസ്തകം മെല്ലേയടച്ചെന്റെ
മിഴിയിലേക്കു നീ മിന്നലാവുന്നതും
കണ്ണടഞ്ഞതും കവിതയും കവിയുമീ
നീയുമൊന്നായ നിമിഷങ്ങളാണിനി..
കവിതയായ്ത്തീർന്ന നിന്നെക്കുറിക്കുവാൻ
കഴിവെഴാതെ ഞാനന്തിച്ചിരുന്നതും
അരികിലാണുനീയെങ്കിലും വിറയുന്ന
വിരലിനാലേ തൊടാനെനിക്കാവാതെ,
കരളിലൂറിത്തിളയ്ക്കുന്ന കവിതയെ
കൈകളാലേ പകർത്തുവാനാവാതെ,
കവിയിരിക്കവേ…പൊള്ളുന്ന
ചുംബനപ്പൂക്കളാലെന്നെ
യാകെപ്പൊതിഞ്ഞതും
സ്വപ്നമായിരുന്നെങ്കിലും തീരാത്ത
സ്വപ്നമായിരുന്നെങ്കിൽ…
കൊതിച്ചുപോയ്….!!

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹