Madhura Nombaram by Sathish Kalathil, Malayalam translation of The beautiful ache, written by Vismaya Kumaran

മധുര നൊമ്പരം

നിന്റെ കരം
എന്റെ കരത്തെ പരിണയിക്കണമെന്നില്ല.
നിന്റെ ഊഷ്മാവിന്റെ ഒരു കണികപോലും
എന്നരികിലുണ്ടാകണമെന്നുമില്ല.
സ്നേഹം അളക്കുന്നത്,
സ്പർശനത്തിലൂടെയോ
സാന്നിധ്യത്തിലൂടെയോ അല്ല;
എവിടെയാണോ നമ്മൾ സ്വതന്ത്രമാകുന്നത്,
അവിടെ സ്നേഹം ചിറകടിക്കുന്നു.

തൊട്ടറിയാനുള്ള ലജ്ജകൊണ്ട്,
പരസ്പരം സ്പർശിക്കാതെ,
ഒരിക്കൽ നീ അകന്നുപോയാൽ;
നിന്നോടുള്ള അഭിനിവേശം
എന്റെ ഞരമ്പുകളിലൂടെ പാഞ്ഞ്,
വിരഹത്തിന്റെ
സുഖമുള്ള ഒരു നൊമ്പരത്തിലേക്കു
ഞാൻ പറന്നടുക്കും.

നീ,
ചൂളം വിളിക്കുന്ന കാറ്റിലില്ല.
എന്നിട്ടും,
ഓരോ കാറ്റും നിന്റെ പേര് ചൊല്ലുന്നു.
എന്നരികിലുള്ള കാൽപ്പാടുകളിൽ നീയില്ല.
എന്നിട്ടും,
നീയെപ്പോഴും കൂടെയുള്ളതുപോലെ,
ഞാൻ നടക്കുന്നു.

നിന്റെ ശബ്ദം
കാറ്റിലലിയുകകയാണ്;
ഞാൻ നിന്നെ പിന്തുടരട്ടെന്നോ;
അതോ,
ആ ധ്വനി വെറുതേ ആസ്വദിച്ചാൽ മതിയെന്നോ?

മൂർത്തമായ ഒരു രൂപത്തിൽ നിന്നെ ഞാൻ
തിരയുകയില്ല;
കാരണം, അത് ഇപ്പോഴും എപ്പോഴും; 
പ്രകൃതി എനിക്കായി വരച്ചിട്ട,
മായാത്ത ഒരേയൊരു ഛായാചിത്രമായി,
കണ്ണിൽ നില്ക്കുകയാണ്.