ഗണേഷ് പുത്തൂർ: ആലപ്പുഴ ചേർത്തല തൈക്കാട്ടുശ്ശേരി ഒളവയ്പ്പ് സ്വദേശി. ചങ്ങനാശ്ശേരി എൻ. എസ്. എസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരിദാനന്തര ബിരുദം. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ കവിതകൾ എഴുതുന്നു.
മാർച്ച് 21; ലോക കവിതാ ദിനം:
2025ലെ യുനെസ്കോ ലോക കവിതാ ദിനത്തിൽ മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാർ പ്രതിഭാവത്തിനു നല്കിയ കവിതകളിൽ, ഗണേഷ് പുത്തൂർ രചിച്ച ‘ഒറ്റയ്ക്കിരിക്കുമ്പോൾ’ എന്ന കവിത.
കടൽത്തീരത്തെ കൽഭിത്തിയിൽ
നിരന്തരമായി പ്രഹരിക്കുന്ന തിരകൾ
മടക്കയാത്രയിൽ ഒരൽപ്പം മണ്ണും കൂടി കരുതും,
വലിയ ആ ജലകുംഭത്തിൽ അലിഞ്ഞുചേരുമ്പോൾ
അടിത്തട്ടിലേക്ക് വിതറാൻ.
അനന്തമായ ആകാശത്ത്
നിർത്താതെ പറക്കുന്ന പക്ഷികൾ
രാത്രിയിൽ ഏതെങ്കിലും ഒരു ശിഖരത്തെ
അതിന്റെ കൂരയാക്കും,
ഇനിയൊരിക്കലും തിരികെ എത്തില്ല
എന്ന് അറിയാമെങ്കിലും.
ജനനിബിഢമായ നഗരത്തിൽ
ഒറ്റപ്പെട്ട തുരുത്തുകൾ
ഒഴുകി നീങ്ങുന്നത് പോലെ,
പൊയ്മുഖം കാട്ടി എത്തുന്ന കാലത്തിന്റെ
മായയിൽ മയങ്ങി വീഴുന്ന ഇരുട്ട്.
ഉത്സവപ്പിറ്റേന്ന് ആളൊഴിഞ്ഞ പറമ്പിൽ
പൊട്ടിക്കിടന്ന ബലൂൺ കഷ്ണങ്ങൾ,
ചിരിയിൽ നിന്ന് കരച്ചിലിലേക്കുള്ള
ഒരു കുഞ്ഞിന്റെ നിമിഷങ്ങൾ.
ഒറ്റയ്ക്കിരിക്കുമ്പോൾ
തീവ്രമായ ദുഃഖം തോളത്തു തട്ടുന്നത് പോലെ,
ഓർമ്മയിലെ മണൽപ്പാവകൾ ചിതറുന്നത് പോലെ,
നടന്നുതീർത്ത വഴിത്താരകൾ ശൂന്യമായി തന്നെ
തുടരുന്ന പോലെ…