വായന സദസ് | Vaayanasadhas

2025 ജൂൺ 19 | വായനദിന സ്‌പെഷ്യൽ

AI illustration of P. N. Panicker- the Father of the Library Movement of Kerala by Surya

പി.എൻ. പണിക്കർ; കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്

പി.എൻ. പണിക്കർ:

കേരളത്തിൽ ഗ്രന്ഥശാലകൾ പ്രവർത്തികമാക്കുന്നതിനു തുടക്കംകുറിച്ച വ്യക്തിയാണ് പി. എൻ. പണിക്കർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പുതുവയിൽ നാരായണപ്പണിക്കർ.

ആലപ്പുഴയിലെ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1നു ജനിച്ച നാരായണ പണിക്കർ, 1926 ൽ തന്റെ ജന്മനാട്ടിൽ സനാതനധർമ്മം വായനശാല സ്ഥാപിച്ചു.

തുടർന്ന്, അമ്പലപ്പുഴയിലും സമീപദേശങ്ങളിലുമായി ഒട്ടേറെ ഗ്രന്ഥശാലകള്‍ സ്ഥാപിക്കുകയും 1945ല്‍, കേരളത്തിലെ ഇതര ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചുകൊണ്ട്, അഖില തിരുവിതംകൂർ ഗ്രന്ഥശാല സംഘം എന്ന പേരിൽ ഗ്രന്ഥശാലസംഘം രൂപവത്കരികരിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്തു. ഗ്രന്ഥശാലയുടെ ആദ്യകാല സെക്രട്ടറി അദ്ദേഹമായിരുന്നു. അഡ്വ. പി. കുഞ്ഞൻ കുറുപ്പായിരുന്നു പ്രസിഡന്റ്.

1948ൽ സർക്കാർ അംഗീകാരം ലഭിച്ച സംഘം, ഗ്രന്ഥാലോകം എന്ന പേരിൽ മാസിക ആരംഭിച്ചു. 1950-ൽ തിരു-കൊച്ചി ഗ്രന്ഥശാലാസംഘം എന്ന പേരിലേക്കു മാറ്റപ്പെട്ട സംഘം കേരള സംസ്ഥാനരൂപീകരണത്തിനു ശേഷം, കേരള ഗ്രന്ഥശാലാസംഘം ആയും രൂപാന്തരം പ്രാപിച്ചു. 1991വരെ ഈ പേരിൽ പ്രവർത്തിച്ചു വന്ന സംഘത്തെ 1977ൽ സർക്കാർ ഏറ്റെടുക്കുകയും നിലവിൽ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എന്ന പേരിൽ പ്രവർത്തിച്ചു വരികയും ചെയ്യുന്നു.

അമ്പലപ്പുഴ വെളിയനാട് വിദ്യാഭ്യാസ സബ് ജില്ലയിലെ നീലംപേരൂർ എൽ. പി. സ്കൂൾ അദ്ധ്യാപകനായിരുന്നു നാരായണപ്പണിക്കർ. മലയാളികളുടെ വായനാ ശീലം പരിപോഷിപ്പിക്കാനും നിരക്ഷരതയെ നിര്‍മാര്‍ജനം ചെയ്യുന്നതിനുമായി, 1977ൽ, കേരള അസോസിയേഷൻ ഫോർ നോൺ-ഫോർമൽ എഡ്യൂക്കേഷൻ ആൻഡ് ഡെവലപ്‌മെന്റ് (കാന്‍ഫെഡ്) സ്ഥാപിച്ചു.

വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന സന്ദേശമുയർത്തി, 1970 നവംബർ-ഡിസംബർ മാസങ്ങളിൽ പാറശ്ശാല മുതൽ കാസർഗോഡ് വരെ പണിക്കരുടെ നേതൃത്വത്തിൽ നടത്തിയ കാൽനട സാംസ്കാരിക യാത്ര കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നാണ്. തുടർന്നും കേരളത്തിലെ ഗ്രാമങ്ങളിലൂടെ അദ്ദേഹം നിരന്തരം സഞ്ചരിച്ചു. അക്കാലത്ത് ഏകദേശം,ആറായിരത്തിൽ പരം ലൈബ്രറികളെ ഗ്രന്ഥശാലസംഘത്തിലേക്ക് അണിനിരത്താൻ സംഘത്തിനു കഴിഞ്ഞു. 1975ൽ യുനെസ്കോയുടെ കൃപ്സകായ അവാർഡ് നേടാനും സംഘത്തിനായി. 1977ൽ കേരള സർക്കാർ ഏറ്റെടുക്കുന്നതുവരെ 32 വർഷക്കാലം സംഘത്തിന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. സ്റ്റേറ്റ് റിഡേഴ്സ് സെന്ററിന്റെ ഓണറി എക്സിക്യൂട്ടൂവ് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

1995 ജൂൺ 19ന് അന്തരിക്കുമ്പോൾ അദ്ദേഹത്തിന് 86 വയസ്സായിരുന്നു. നാട്ടു വെളിച്ചം, നമ്മുടെ പത്രം, കാന്‍ഫെഡ് ന്യൂസ് തുടങ്ങിയ പത്രങ്ങളുടെ പത്രാധിപരായിരുന്നു.

AI illustration of P. N. Panicker with Sanathana Dharma Grandhasala and Vayanasala at Neelamperoor by Surya
സനാതനധർമ്മം വായനശാലയ്ക്കു മുൻപിൽ പി.എൻ. പണിക്കർ/എഐ ഇല്ലുസ്ട്രേഷൻ/സൂര്യ

വായനാ ദിനം

1996 മുതൽ പി.എൻ. പണിക്കരുടെ ചരമദിനം വായനാ ദിനമായി ആചരിക്കുന്നതിന്,  കേരള സർക്കാർ തുടക്കമിട്ടു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ചകാലം കേരളാ വിദ്യാഭ്യാസ വകുപ്പ് വായനവാരമായും ആചരിക്കുന്നു. 2017 മുതൽ ദേശീയ വായനാദിനമായി ഈ ദിനം ആചരിച്ചു വരുന്നു.

2004 ജൂൺ 21ന് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ടുമെന്റ് നാരായണപ്പണിക്കരുടെ സ്റ്റാമ്പ് ഇറക്കിയിരുന്നു. അദ്ദേഹം പഠിപ്പിച്ചിരുന്ന, അമ്പലപ്പുഴയിലെ സർക്കാർ എൽ. പി. സ്‌കൂളിന്റെ പേര്, പി.എൻ. പണിക്കർ സ്മാരക എൽ. പി. സ്കൂൾ എന്ന പേരിലേക്ക് 2014 ൽ സർക്കാർ പുനർനാമകരണം ചെയ്യുകയും ചെയ്തു.

■■■

P. N. Panicker
Postal Stamp of P.N. Panicker
Reading Day of 2025

Join with us