Thavalakalude Bhagavad Gita-Malayalam poem by E P Karthikeyan

തവളകളുടെ ഭഗവദ്ഗീത

വളകള്‍ കരയുമ്പോള്‍
അപ്പൂപ്പന്‍ കണ്ണുകള്‍ക്ക് മീതെ
വലതുകൈ ചേര്‍ത്ത് പ്രാകും;
മേഘങ്ങളുടെ പാടത്ത്
മഴയുടെ വിത്തുകള്‍
മുളപൊട്ടുമ്പോള്‍
ആകാശത്തേക്കെറിഞ്ഞ കണ്ണുകള്‍
തിരിച്ചു പിടിക്കും.

എരിയാത്ത അടുപ്പിനരികെ
അമ്മൂമ്മയിരുന്നു വേവും;
അടുപ്പിലെ മണ്‍കലത്തിലെ
വിശപ്പിന്റെ കടലിരമ്പം
തവി കൊണ്ടിളക്കി
അമ്മൂമ്മയുടെ കൈകള്‍ കുഴയും.

ഉണക്കമീന്‍ സ്വപ്നം കണ്ട
കണ്ണന്‍ പൂച്ച നനഞ്ഞു കിടക്കും;
തൊഴുത്തില്‍ പോത്തുകള്‍
അയവിറക്കാന്‍ മറന്ന് മയങ്ങും.

വടക്കു നിന്നൊരു കാറ്റ്
അലറി വരുന്നുണ്ടെന്ന്
നരച്ചുപോയ തെങ്ങുകള്‍
വ്യാകുലപ്പെട്ടുഴലും.

മേഘങ്ങളുടെ ബലാല്‍ക്കാരത്തെ
ചെറുക്കാനാവാതെ പാടം
നഗ്‌നമായി നനഞ്ഞു കിടക്കേ,
മഴയുടെ രേതസ്സുകള്‍
മണ്ണിന്റെ ഗര്‍ഭപാത്രത്തിലാഴും;
മഴ നിറഞ്ഞ വയലില്‍ വിത്തുകള്‍
ശ്വാസം കിട്ടാതെ പിടയും.

ഭൂമിയുടെ അതിരുകളിലേക്ക്
തവളകളുടെ കരച്ചില്‍
പടര്‍ന്നു കയറുന്നത്
തടയാനാവാതെ
അപ്പൂപ്പന്റെ ഉള്ളം പിടയും.

തവളകള്‍ പക്ഷേ,
പോക്രോം പോക്രോം എന്ന്
ഭഗവദ് ഗീത
വായിച്ചുകൊണ്ടേയിരിക്കും.