Vishu Poetry Logo-2025
Urvarathayude Patangal-Swapna Rani

വേനലെന്നാൽ
പുതിയ തളിരുകളുടെ
പച്ചപ്പാണെന്ന്
ഉങ്ങുമരം;
സ്വർണ്ണപ്പൂക്കളുടെ
ധാരാളിത്തമാണെന്ന്
കണിക്കൊന്ന;
തീക്ഷ്ണമായ അനുരാഗച്ചുവപ്പെന്ന്
ഗുൽമോഹർ;
മുള്ളുകളെ നാണിപ്പിക്കുന്ന
നിറച്ചാർത്തുകളെന്ന്
കടലാസു പൂക്കൾ.
അതെ,
വേനലെന്നാൽ കരിഞ്ഞുണങ്ങലല്ല;
പൂത്തും തളിർത്തും
കായ്ച്ചും പഴുത്തും
ഉർവ്വരതയെ ഏറ്റുവാങ്ങലാണ്.
അതിനാൽ,
നമ്മളിനി വേനലാവുക.
വരണ്ടുപോയേക്കാവുന്ന
സൗന്ദര്യങ്ങളെയും
സൗരഭ്യങ്ങളെയും
ആവാഹിച്ചെടുക്കുക.
മണൽപ്പരപ്പിൽ മറഞ്ഞിരിക്കുന്ന നദിയെ
ഉയിർപ്പിച്ചെടുക്കുക.
വറ്റാത്ത പ്രവാഹങ്ങളെക്കുറിച്ചുള്ള
പ്രതീക്ഷകളുടെ പ്രവാചകരാവുക.

Trending Now

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹