Vishu Poetry Logo-2025
Vishukkani poem by Rajan C H
Image credits: AI painting with Google image

വിഷുക്കണി

കൊന്നപൂത്തിരിപ്പതായ്
തൊടിയില്‍ മനസ്സിലും
പൊന്നു പൂത്തിരിക്കുമേ
മിഴികള്‍ക്കുത്സാഹമായ്

മാമ്പഴം പൊഴിയാവൂ
കനവില്‍ നിലാവിലും
മാനവും കണിമലര്‍-
ച്ചില്ലയായ് താരാകീര്‍ണം.

വിഷുവല്‍ക്കാലം സദാ
ചുട്ടുപൊള്ളുമീ മേട-
സംക്രമം കൃഷീവലര്‍-
ക്കുത്സവത്തുടിയേറ്റം.

എല്ലാമേ സ്വപ്നം മാത്രം
മേടയില്‍ പതിനെട്ടാം
നിലയില്‍ മക്കള്‍ക്കോര്‍മ്മ
പങ്കുവെക്കുമ്പോള്‍ മാത്രം.

ഗ്രാമമുണ്ടതില്‍ത്തെളി-
നീരുമേ വറ്റിത്താഴും
പുഴയുണ്ടാവാം കൊന്ന
പൂത്തുലാവുന്നുണ്ടാവാം.

കണിവെള്ളരിയെന്നായ്
ചന്ദ്രനുണ്ടാവാം, കൊതി
പുളകം കൊള്ളുമണ്ടി-
യീമ്പും ബാല്യവുമുണ്ടാം.

കണ്ണുപൂട്ടിയാ പുലര്‍-
വേളയില്‍ കണികാണും
വിളക്കില്‍ സ്നേഹത്തിരി
വെളിവും തിടുക്കവും.

ഉള്ളമത്രയും മയില്‍-
പ്പീലിയാം കള്ളക്കണ്ണന്‍
പുഞ്ചിരിയാകും കണി-
ത്തളികയ്ക്കകം ലോകം.

എല്ലാമേ വരച്ചിട്ട
ചിത്രമെന്നായിക്കാണും
കുട്ടികള്‍ പുതുകാല-
ദര്‍പ്പണപ്രതിഛായ.

കേള്‍ക്കുവാന്‍ കാതില്ലവര്‍-
ക്കിവയൊന്നുമേ, യത്ര
കാല്പിനികമാം ചിത്ര-
മെന്നവര്‍ ഹസിക്കയായ്.

ഒടുക്കമേതോ പട-
ക്കത്തിന്‍റെ തിരിത്തുമ്പില്‍-
ക്കൊളുത്തി ഞാനും കനല്‍-
ത്തുമ്പിലെന്നായി സ്വപ്നം.