Vishu Poetry Logo-2025
Vishunal-Raju Kanhirangad

ചുംബനമേറ്റുള്ള പെണ്ണിനെയെന്നപോൽ
പൂത്തു നിൽക്കുന്നിതാ ചെമ്പകപ്പൂ
മീനം മടിത്തട്ടിൽ ചേർത്തു വളർത്തിയ
കായ്കനി മേടത്തെ കാത്തിരിപ്പൂ

കദളിവാഴ കയ്യിൽ ചേർന്നിരുന്നൊരു കാക്ക
വിഷുദിനത്തെ വിളിച്ചുണർത്തിടുന്നു
മഞ്ഞപ്രസാദംപോൽ പുഞ്ചിരി തൂകുന്നു
മുറ്റത്തെ കർണ്ണികാരമണികൾ

തേൻവരിക്കചക്കപ്പഴമിറുക്കാനായി
കിണഞ്ഞു ശ്രമിക്കുന്നു അണ്ണാറക്കണ്ണൻ
മാമ്പൂമണം തൊടിതോറും വിളമ്പുന്നു
കിന്നാരം ചൊല്ലിയാ കുഞ്ഞുതെന്നൽ

വെയിലിൻ്റെ വെള്ളില പൂ വിരിഞ്ഞിതാ
വെള്ളരിക്കോന്നും ചിരിക്കുന്നിതാ
മത്തൻ മലർന്നു കിടക്കുന്നു മഞ്ഞണി
പാടവരമ്പിന്നരികിലായി

വിത്തും കൈക്കോട്ടുമായ് കർഷകർ
കലപിലാഹ്ലാദമുതിർത്തു നടന്നു പോകേ
എങ്ങും സമൃദ്ധിതൻ കാഴ്ചകൾ കാന്മാൻ
മേടം പടിവാതിൽ തുറന്നിടുന്നു

Trending Now