ഗ്രേറ്റ് ഇന്ത്യൻ സർക്കസ്സ്
പൂപ്പൽ പിടിച്ച റൊട്ടിയുടെ
അരുകുകൾ പോലെ,
പിഞ്ഞിപ്പോയ കൂടാരങ്ങളിൽ
വനമില്ലാതെയായ
ആനകളുടെ വാലനക്കത്തെ
നോക്കികൊണ്ടിരിപ്പായിരുന്നു ഒട്ടകങ്ങൾ,
മരുഭൂമിയുടെ അടയാളങ്ങളൊന്നുമില്ലാതെ.
‘ദുരിതപ്പെട്ടു ഭാരം ചുമക്കുന്നവരേ വരുവിൻ’
എന്ന് എതിർവശത്തെ ചുമരിൽ
എഴുതിവെച്ച വാചകത്തിന് മീതെയായി
ഞാണിൻ മേൽ സൈക്കിൾ ചവിട്ടുന്ന
സാഹസികപ്പെൺ കൊടികൾ കൈയുയർത്തിച്ചിരിച്ചു.
മരണക്കിണർ കടക്കുന്ന സാഹസികൻ
ഉച്ചഭക്ഷണത്തിനിടയിൽ തൊണ്ടയിൽ
മീൻമുള്ളു കുടുങ്ങിയ ദുരവസ്ഥയെക്കുറിച്ചു
ആരോടോ വിവരിച്ചു കൊണ്ടിരുന്നു.
പിന്നിലുള്ള ലക്ഷ്യസ്ഥാനത്തേക്കു
തലതിരിക്കാതെ ഉന്നം വച്ചു
വെടിവയ്ക്കുന്ന തോക്കു വിദഗ്ധനോ
തന്റെ ബൂട്ടിന്റെ ലേസ് നാടയെ
നേരാം വണ്ണം കോർക്കാൻ
പലവുരു ശ്രമിച്ചു കൊണ്ടിരുന്നു.
തുടയിൽ ഇറുകിയ മിന്നിത്തിളങ്ങുന്ന
വേഷവിധാനമുള്ള പെണ്ണൊരുത്തി
വിദൂഷകന്റെ മൂക്കിനു മീതെ
ചുവന്ന ചായമടിച്ചു കൊണ്ടിരുന്നു.
അല്പം സ്ഥാനം തെറ്റിയിരുന്ന
അവളുടെ അടിവസ്ത്രത്തിൻറെ ചുമൽപ്പട്ട
നേരെയാക്കുന്ന അവൻറെ പൃഷ്ഠത്തിൽ
സഹവിദൂഷകനൊരാൾ
ക്രിക്കറ്റ് ബാറ്റ് കൊണ്ടടിക്കുന്നു.
ഒറ്റച്ചക്ര സൈക്കിൾ ചവിട്ടുന്ന
വെളുത്ത പൊമറേനിയൻ നായകുട്ടിയുടെ
മൃദുരോമക്കറ്റകളെത്തലോടുന്ന ബാലനെ,
‘പോയി താർപ്പായ മടക്കാൻ’
അരിശത്തോടാജ്ഞാപിക്കുന്നു മേൽനോട്ടക്കാരൻ.
“സിംഹത്തിന്റെ വായയിൽ തലയിടുന്ന
അഭ്യാസം ഇന്നു കാണിക്കുന്നില്ല.”
എന്നു പറഞ്ഞ അദ്ദേഹത്തിൻറെ കൺചലനത്തിൽ
ചിതറിക്കിടക്കുന്ന വളയങ്ങളെ ശേഖരിച്ചു
തന്റെ അരയിൽ ചുറ്റിക്കറക്കാനായ്
അകത്തേക്ക് ഓടിച്ചെല്ലുന്നു ഒരു ബാലിക.
‘നാലു പ്രദർശനങ്ങൾ മാത്രം’
എന്നു ചോക്കാൽ എഴുതിയ അറിയിപ്പിന് താഴെ,
മൃഗങ്ങളുടെ മൂത്ര ഗന്ധത്തിനിടയിൽ
മുല്ലപ്പൂവ് വിറ്റു കൊണ്ടിരുന്ന പെണ്ണിനോടു
“തീപ്പെട്ടിയുണ്ടോ?” എന്നു പരിഹസിച്ച
വിദൂഷകൻറെ ബീഡി തട്ടിപ്പറിച്ചു ചിണുങ്ങുന്നു അവൾ.
അവരവരുടെ ബാല്യത്തെ കുറ്റി ഐസ് പോലെ
നുണഞ്ഞു കൊണ്ടു വയോധികരും
കുടുംബത്തിൻറെ വിശപ്പകറ്റാൻ ചെറുകടികളടങ്ങിയ
മെടഞ്ഞ കൊട്ടകളുമായി അമ്മമാരും,
സുരക്ഷാ വലയുടെ അഭാവത്തിലും
ഉയരെ നടത്തപ്പെടുന്ന അഭ്യാസങ്ങളിൽ
ദേഹവളവുകളെത്തിരയുന്ന കൗമാരക്കണ്ണുകളും,
കോമാളികളെ പ്രതീക്ഷിച്ചുകൊണ്ടു
പഞ്ഞി മിഠായി കഴിച്ച, റോസ് നിറവായയുമായി കുട്ടികളും
ഉള്ളിലേക്കു പ്രവേശിക്കുന്നു.
ഓരോ നിമിഷവും തുടക്കം കുറിക്കുന്നതും
നടന്നു കൊണ്ടിരിക്കുന്നതും
അവസാനിക്കാത്തതുമായ
“സർക്കസ്സ്’ എന്നു വിശേഷിക്കപ്പെടുന്നതു
കൂടാരത്തിനുള്ളിൽ സംഭവിക്കുന്നതു മാത്രമാണോ?
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

ഡോ. ടി.എം. രഘുറാം: കണ്ണൂർ തലശ്ശേരി സ്വദേശി. മഞ്ചേരിയില്‍ സ്ഥിരതാമസം. ഇന്തോ- ആംഗലേയ കവിയും ഗദ്യകാരനും വിവര്‍ത്തകനുമായ രഘുറാം അറിയപ്പെടുന്ന പുല്ലാങ്കുഴല്‍ സംഗീതജ്ഞനും ചിത്രകാരനുമാണ്. ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളിലായി 19 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.