ഏകദേശം, പതിമൂന്നുമുതൽ പതിനാറാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ഒരു തെക്കേ ഇന്ത്യൻ സാമ്രാജ്യം; വിജയനഗരം. ഡെക്കാൻ പീഠഭൂമിയിൽ അതിവിശാലമായി കിടന്നിരുന്ന തലസ്ഥാന നഗരി; ഹംപി. ഇന്നും നിലനിൽക്കുന്ന ആ നഗരിയോടു ചേർന്ന്, പൗരാണികതയുടെ ആഭിജാത്യം മാറിൽ പുണർന്നു വകിഞ്ഞൊഴുകുന്ന തുംഗഭദ്ര അഥവാ, പുരാതന പമ്പ.

ഇന്നത്തെ ഉത്തരകർണാടകത്തിലെ ബെല്ലാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ അതിപുരാതന നഗരത്തിനെ ഒരു തീർത്ഥാടക പുണ്യത്തോടെ വലംവെച്ചെത്തിയ കഥകൾ പറയുന്ന യാത്രാവിവരണം മലയാളത്തിലെ പ്രമുഖ കവയിത്രി സന്ധ്യ ഇ പ്രതിഭാവത്തിലൂടെ പങ്കുവെയ്ക്കുന്നു.

‘ഹംപി: കാലം കാത്തുവെച്ച കലവറ’ ഏഴാം ഭാഗം; ‘കടുക് ഗണപതിയും കടല ഗണപതിയും.’

എന്നാൽ, ഇത് സയൻസാണ് എന്നു കാണിക്കാൻ അവിടെ ഉണ്ടായിരുന്ന ഒരു മുണ്ട് വില്പനക്കാരിയുടെ പക്കൽ നിന്ന് ഒരു മുണ്ട് വാങ്ങി ചുവരിനു മുന്നിൽ പിടിക്കുകയും അതിൽ ഗോപുരത്തിൻ്റെ തലകുത്തനെയുള്ള നിഴൽ പതിക്കുന്നത് കാണിച്ചുതരികയും ചെയ്തു.

പൊതുവെ ലോകത്തിലെ എല്ലാ പുരാതന നിർമ്മിതികൾക്കും പറയുവാൻ ഒരു കഥയുണ്ടാകും. അവ പലപ്പോഴും വിചിത്രവും അത്ഭുതപ്പെ‌‌ടുത്തുന്നതും ആയിരിക്കും. അങ്ങനെയൊരു കഥ പറയുന്ന ഒരിടമാണ് ഹംപിയിലെ ഹേമകുണ്ഡ കുന്നുകൾ എന്നറിയപ്പെടുന്ന പാറക്കെ‌ട്ടുകളിൽ ഉള്ള രണ്ട് ഗണപതി ശില്പങ്ങൾക്കുള്ളത്. ഒറ്റക്കല്ലിൽ തീർത്തതാണ് ഈ ശില്പങ്ങളും. ആദ്യത്തേത് കടുക് ഗണപതി. ഈ ഗണപതി ശില്പം സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തെ ശശിവേകലു ഗണേശ ക്ഷേത്രമെന്നു പറയുന്നു. ശശിവേകലു എന്ന വാക്കിന് കന്നടയിൽ ക‌ടുകുമണി എന്നാണ് അർത്ഥം. രണ്ടാമത്തേത് കടല ഗണപതി. കടുക് ഗണപതിയുടെ അൽപം വടക്ക് ഭാഗത്തായാണ് കന്നടയിൽ കടലേകലു ഗണേശൻ എന്നറിയപ്പെടുന്ന കടല ഗണപതി ഇരിക്കുന്നത്. (തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള കക്കാട് ഉള്ള ഗണപതിക്ഷേത്രവും കടുക് ഗണപതി ക്ഷേത്രം എന്ന് അറിയപ്പെടുന്നുണ്ട്.)

രണ്ടിനും ഏകദേശം സമാനമായ ഐതിഹ്യമാണ് ഉള്ളത്. പേരിലെ സൂചന പോലെ രണ്ടിന്റേം കഥകൾ കാർഷിക വിളയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഹമ്പിയിൽ നിറയെ മാർക്കറ്റുകളുണ്ടായിരുന്ന കാലം. അക്കാലത്ത് ഹമ്പിയിൽ കടുകും കടലയും സമൃദ്ധിയായി വിളഞ്ഞിരുന്നു. ഗണപതി സഹായിച്ചതിനാലാണ് മുടക്കമില്ലാതെ നിർലോഭം ഈ വിളകൾ ലഭിക്കുന്നതെന്നായിരുന്നു ഹമ്പി നിവാസികളുടെ ഉറച്ച വിശ്വാസം. അതുകൊണ്ടാണ് ഈ രണ്ട് വിളകളുടെയും പേരിൽ ഈ ഗണപതിക്ക് ഇവിടെ ആരാധനയുണ്ടായത്.

പതിനഞ്ചാം നൂറ്റാണ്ടിൽ, വിജയനഗര സാമ്രാജ്യത്തിലെ നരസിംഹ രണ്ടാമൻ രാജാവിന്റെ കാലത്താണ് ഈ ശില്പങ്ങൾ നിർമ്മിക്കപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്. കടുക് പോലെ ഉരുണ്ടാണ് ഗണപതിയുടെ രൂപം. അമ്മയായ പാർവതിയുടെ മടിയിൽ ഇരിക്കുന്നതു പോലെയാണ് കടുക് ഗണപതിയുടെ ശില്പം. അവിടുന്ന് അധികം ദൂരത്തിൽ അല്ലാതെയാണ് കടല ഗണപതി ഇരിക്കുന്നത്. കടുകു ഗണപതിയേക്കാൾ ഉയരമുണ്ട് കടല ഗണപതിക്ക്. ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഗണപതി വിഗ്രഹമാണിത്. ഈ ശില്പത്തിന്റെ വയറിന് കടലയുടെ ആകൃതിയുമുണ്ട്.

ശില്പങ്ങൾക്ക് അംഗഭംഗങ്ങൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടാകാം ഇവിടങ്ങളിൽ പൂജയില്ല. ഹിന്ദു വിശ്വാസപ്രകാരം അംഗഭംഗം വന്ന ദേവീ ദേവന്മാർക്ക് പൂജയില്ല. എങ്കിലും സന്ദർശകർക്ക് കുറവില്ല. ഒരു സ്മാരകമെന്നതിൻ്റെ കൗതുകമേ ഭക്തിയേക്കാൾ തോന്നിയുള്ളൂ. ശ്രീകോവിലിനു പുറത്തുള്ള മണ്ഡപത്തിലെ ചുവരുകളിൽ രാമായണം കഥയുടെ ചില ഭാഗങ്ങളുടെയും ഹനുമാന്റെതെന്ന് തോന്നിപ്പിക്കുന്ന വാനരൻ്റെയും കയ്യിൽ പാമ്പിനെ പിടിച്ച കുരങ്ങുരൂപങ്ങളെയും കണ്ടു.

ഹംപിക്ക് രാമായണവുമായുള്ള ബന്ധം നേരത്തെ സൂചിപ്പിച്ചുവല്ലോ. കുതിരക്കച്ചവടവുമായി ബന്ധപ്പെട്ട ക്രമാനുഗതമായ കാര്യങ്ങളും കൊത്തിവെച്ചിട്ടുണ്ട്. ആളുകൾ കുതിരയെ വിൽപ്പനയ്ക്കായി കൊണ്ടുവരുന്നതും വാങ്ങുന്നവർ അതിൻ്റെ പല്ലുകളടക്കം പലതും ഗുണനിലവാരം പരിശോധിക്കുന്നതുമുണ്ട്. കൂട്ടത്തിൽ അവിടം സന്ദർശിച്ച വിദേശികളെയും കാണാം. ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും വന്നവർ അക്കൂട്ടത്തിലുണ്ടായിരുന്നു. കടല ഗണപതിയുടെ മണ്ഡപത്തിൽ നിന്നല്പം മാറി താഴെ ഒരു നിർമ്മിതിയുണ്ട്. ഗണപതിയെ വണങ്ങാൻ വന്നിരുന്ന രാജകുടുംബങ്ങളുടെ ആനകളെ കെട്ടിയിരുന്ന സ്ഥലമാണത്. ഇപ്പോഴവിടെ സന്ദർശകരുടെ കാർ നിർത്തിയിടുന്നു. മുമ്പ് എലിഫൻറ് പാർക്കിംഗ് ഇപ്പോൾ കാർ പാർക്കിംഗ് എന്ന് കൃഷ്ണകുമാർ. നല്ല മഴയായതിനാൽ കുറെ സമയം ഞങ്ങൾ കടല ഗണപതിക്കൊപ്പം കഴിച്ചു കൂട്ടി.

Read Also  ഒരിക്കൽ/രോഷ്നി സ്വപ്ന എഴുതിയ കവിത
Kaduku Ganesan-Hampi
കടുക് ഗണപതി
Kadala Ganesan- Hampi
കടല ഗണപതി
കടുക് ഗണപതി മണ്ഡപത്തിനു മുൻപിൽ ലേഖികയും ഭർത്താവ് സതീശും

മഴ ഒട്ടൊന്നു ശമിച്ചപ്പോൾ വിരൂപാക്ഷ ക്ഷേത്രത്തിൽ ദർശനം നടത്തി. ശിവലിംഗമാണ് പ്രധാന പ്രതിഷ്ഠ. വിരൂപാക്ഷൻ എന്നാൽ ശിവൻ. സരസ്വതി, പാർവതി, ഭുവനേശ്വരി തുടങ്ങിയവരുടെ ഉപപ്രതിഷ്ഠകളുമുണ്ട്. തുംഗഭദ്രാ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, ഹംപിയിലെ ഏറ്റവും പഴക്കമുള്ളതും പ്രധാനപ്പെട്ടതുമായ ക്ഷേത്രമാണ്. 

പല ചക്രവർത്തിമാരുടെ കാലങ്ങളിൽ പല പല ഘട്ടങ്ങളിലായി പണി പൂർത്തിയാക്കിയ ഒമ്പതുനിലകളുള്ള വലിയ ഗോപുരത്തോടു കൂടിയ അമ്പലമാണിത്. പതിനാറാം നൂറ്റാണ്ടിലാണ് ഇത് പണിതതെന്നു കരുതുന്നു. കൃഷ്ണദേവരായരുടെ കിരീടധാരണത്തിനോട് അനുബന്ധിച്ച് ഇതിനുള്ളിലെ കിഴക്കുഭാഗത്തെ ഗോപുരവും രംഗമണ്ഡപത്തിലെ തൂണുകളുടെ ചിത്രങ്ങളും പണികഴിപ്പിച്ചു. രംഗമണ്ഡപത്തിലെ മുകൾഭാഗത്തെ ചിത്രവേലകളുടെ ഭംഗി എടുത്തു പറയേണ്ടതാണ്. ധാരാളം കുരങ്ങന്മാർ ക്ഷേത്രത്തിനകത്തും പരിസരത്തുമുണ്ട്.

ക്ഷേത്രത്തിലെ ഏറ്റവും കൗതുകകരമായ കാഴ്ച അതിന്റെ പിൻഹോൾ കാഴ്ചയാണ്. ക്ഷേത്രത്തിനുള്ളിൽ ഒരു പ്രത്യേക സ്ഥാനത്ത് നോക്കിയാൽ എതിരെയുള്ള ചുവരിൽ ഗോപുരത്തിന്റെ തലകീഴായ പ്രതിബിംബം ഒരു ദ്വാരം വഴി (പിൻഹോൾ) പതിയുന്നതു കാണാം. കൃഷ്ണകുമാർ ഇതേപ്പറ്റി വളരെ വാചാലനാവുകയുണ്ടായി. ആളുകൾ ഇതെന്തോ മായാജാലം ആണെന്ന് അപവാദം പറയുന്നുവത്രെ. എന്നാൽ, ഇത് സയൻസാണ് എന്നു കാണിക്കാൻ അവിടെ ഉണ്ടായിരുന്ന ഒരു മുണ്ട് വില്പനക്കാരിയുടെ പക്കൽ നിന്ന് ഒരു മുണ്ട് വാങ്ങി ചുവരിനു മുന്നിൽ പിടിക്കുകയും അതിൽ ഗോപുരത്തിൻ്റെ തലകുത്തനെയുള്ള നിഴൽ പതിക്കുന്നത് കാണിച്ചുതരികയും ചെയ്തു.

മുണ്ട് തിരിച്ചേല്പിക്കുമ്പോഴാണ് ആ സ്ത്രീയെ കൂടുതൽ പരിചയപ്പെട്ടത്. മുണ്ട് സ്വന്തമായി വാങ്ങണമെന്നില്ല. ചെറിയൊരു വാടക കൊടുത്താലും മതി. ഇക്കാര്യം അവരിൽ നിന്നും മുണ്ട് വാങ്ങുമ്പോഴേ കൃഷ്ണകുമാർ അടക്കം പറഞ്ഞിരുന്നു. അവർ പേരു പറഞ്ഞിരുന്നെങ്കിലും മറന്നു. പോളിയോ വന്ന് ചലനശേഷി നഷ്ടപ്പെട്ടിരിക്കുന്നു അവർക്ക്. ആങ്ങളയുടെ സഹായത്താൽ ക്ഷേത്രത്തിൽ വന്നിരിക്കും. ഇങ്ങനെ ആരെങ്കിലും എന്തെങ്കിലും കൊടുക്കുന്നതുകൊണ്ട് ഉപജീവനം കഴിക്കും. പരിഭവമോ പരാതിയോ ഇല്ല. പ്രസന്നമായ മുഖം.

– തുടരും…

Viroopaksha Temple front view-Hampi
വിരൂപാക്ഷ ക്ഷേത്രത്തിനു മുന്നിൽ ലേഖികയും ഭർത്താവ് സതീശും
Viroopaksha Temple Pinhole view-Hampi
വിരൂപാക്ഷ ക്ഷേത്രത്തിന്റെ പിൻഹോൾ കാഴ്ച

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹