Maraviyude Kariyilapadam by Valsala Nilambur

മറവിയുടെ കരിയിലപാടം

ആ സമയം, റോഡിന്റെ ഏതോ ഒരു വളവില്‍, ഭ്രാന്തൻ സുധന്റെ കൈകൾക്കുള്ളിൽ കിടന്നു പിടയുകയായിരുന്നു പേരറിയാത്ത ആ യാത്രക്കാൻ!

“കേറിക്കൊ ഒരു ചായ കുടിച്ചിട്ടുപോകാം.”
ചായക്കടക്കാരന്റെ വിളികേട്ടപ്പോൾ ഒന്നു സംശയിച്ചു നിന്നു. അറിയാത്ത ഒരാളാണ്.

“അടുത്ത ബസ്സ് അരമണിക്കൂർ കഴിഞ്ഞാണ്. തണുപ്പല്ലേ ഇങ്ങട്ട് കേറി ഇരുന്ന് ഒരു ചായകുടിച്ചോളിൻ.” ആത്മാർഥതയുടെ ആ വാക്കുകൾ നിരസിക്കാനാവാതെ അയാള്‍ കടയിലേക്ക് കയറി.
“എങ്ങ്ട് പോകാനാ.”
ചുമലിൽ കിടന്ന തോർത്തുമുണ്ടുകൊണ്ട് ബെഞ്ച് തുടച്ച് കടക്കാരൻ ചായ ഒരുക്കാൻ തുടങ്ങി.
“ഈ വഴി പുതിയ ആളാണോ? എങ്ക്ടാ പോണേ?”

അയാൾ ഓർത്തു. ഈ കട ഉടമയും അറിയാത്ത ആളാണല്ലോ.
“ഞാൻ കുറച്ചു ദൂരേനിന്നാണ്. ഇവിടെ വയൽക്കര ക്ഷേത്രത്തിനടുത്തുവരെ പോണം.”

ചുടുചായ മുന്നില്‍ എത്തി. അടുത്ത ബഞ്ചിൽ ചാരി കടയുടമ നിന്നു.
“വയൽക്കര മാഷ്ടോടെക്കാ. മാഷ് കിടപ്പായിട്ട് രണ്ടു കൊല്ലായി. അതിനടുത്ത സുധാകരന്റെ വീട്ടിലാണ് മറയിട്ടുപോകേണ്ടത്.”
“അപ്പൊ സാറിന് സുധനെ പരിചയംണ്ടോ?”
“ഞാൻ അവിടെ പോയിട്ടുണ്ട്. പരിചയം ഉണ്ട്. അതാ ഈ വഴി വന്നപ്പോൾ കാണാം എന്ന് കരുതിയത്. സുധൻ ഫാമിലി ഒക്കെ ആയി…”
തുടരാന്‍ കടയുടമ സമ്മതിച്ചില്ല.
“അപ്പൊ സാറ് കൊല്ലങ്ങളായി സുധനെ കണ്ടിട്ട് ല്ലേ. സുധൻ ജയിലില്‍ ആയിരുന്നു സാറെ. അറിഞ്ഞില്ലേ അതൊന്നും?” അയാൾ താടിക്ക് കൈകൊടുത്തു നിന്നു.
“ജയിലിലോ സുധനോ. എന്തിന്? അപ്പോള്‍ അവന്റെ അമ്മ, പെങ്ങൾ..?”
“സാറേ ബസ്സ് വരാനായി…”
“ഞാൻ ഓട്ടോ പിടിച്ചു പൊയ്ക്കോളാം. പറയു… എനിക്ക് കേൾക്കണം. എന്നിട്ടേ പോകുന്നുളളു.”

കടയിലാരും വരാത്ത നേരമായതുകൊണ്ട് കടയുടമ ഒരു കേൾവിക്കാരനെ കിട്ടിയസുഖത്തോടെ പറയാൻ തുടങ്ങി.
“ഒരു പതിനെട്ട് കൊല്ലം മുന്‍പാ സാറേ. അവന്റെ പെങ്ങള് ഊമയായിരുന്നു. അറിയാലോ സാറിന്. ആ കൊച്ചിനെ ആരോ പിഴപ്പിച്ചു. പെണ്ണാണങ്കിൽ ഒരു മുണ്ടാപ്രാണിയല്ലേ… ആരാണ് എന്ന് ചോദിച്ചപ്പോ എഴുതികാണിക്കാനുളള പഠിത്തം പോലും അതിനില്ല. അവസാനം ആരെ രക്ഷിക്കാനാന്ന് അറിയില്ല. അവള് വയൽക്കര ഇല്ലത്തെ ഉണ്ണിനമ്പൂരിയെ ചൂണ്ടിക്കാട്ടി. അന്ന് രാത്രി നമ്പൂരി പൂജകഴിഞ്ഞ് ഇറങ്ങും വഴി നടക്കിലിട്ട് സുധൻ വെട്ടി. എന്നിട്ട് രാക്ക് രാമാനം ഒളിച്ചോടി. പോലീസ് അരിച്ചു പെറുക്കീട്ടും ആളെ കിട്ടീലാ.”

ഒരാള്‍ വന്ന് ബീഡി ചോദിച്ചപ്പോള്‍ കടയുടമ അതെടുത്തു കൊടുത്തു തിരിച്ചു വന്നു.
“അന്നത്തെ പോലീസ് ഇൻസ്പേട്ടർ പടിച്ച പണി എല്ലാം നോക്കി. അവസാനം പോലീസല്ലേ ആ പെണ്ണിനേം അമ്മേനേം ഇട്ട് പാടുപെടുത്തി. പകലും കൂടി പോലീസ് കയറി ഇറങ്ങി. അമ്മ ഒരീസം കെണററിൽ ചാടി. അത് തീർന്നു. മകളെ എലിവിഷം കൊടുത്ത് ചത്തൂന്ന് കരുതിയാ അമ്മ കിണററിൽ ചാടിയേ.”

അയാള്‍ വിയർത്തുകുളിച്ച് കഥകേട്ടിരുന്നു.
“പക്ഷേ അവള് ചത്തില്ലായിരുന്നത്രെ. ഇരുട്ടത്ത് കേറിവന്ന രണ്ട് പോലീസ്കാര് കാര്യം സാധിച്ചു. അത് കഴിഞ്ഞപ്പോഴാണ് അവള് ശവമായെന്ന് അറിഞ്ഞത്.”

“ഈശ്വരാ വസുദ….”

“ന്റെ സാറേ ഇനിയാണ് കഥ. ഒരു പോലീസുകാരനെ അമ്പലമുക്കില് അന്നു രാത്രി ആരോ കൊന്നിട്ടിരുന്നു. അറുകൊലയാന്നാ പറയണേ. അടുത്ത ആള് പിറ്റേന്ന് പുഴക്കടവില് കുളിക്കാൻ പോയതാ. മൂന്നാം പക്കം പത്ത് കിലോമീറ്റര്‍ അകലെ ശവം പൊന്തി. ഞെക്കിക്കൊന്നതാന്നാ പറയണത്. അറുകൊലയാന്നാ അതും പറഞ്ഞത്. പക്ഷേ ചെല ചെറുപ്പക്കാർ പറയുന്നത് സുധൻ ഒളിച്ചു വന്നു ചെയ്തതാന്നാ.”

Read Also  LA MARQUISE DE POMPADOUR/Pictures in Rhyme/English Poem/Arthur Clarke Kennedy

ഒരു ചുടുചായകൂടി അയാള്‍ ആവശ്യപ്പെട്ടു. അതുകൊണ്ട് വന്നു വെച്ച് കടയുടമ തുടര്‍ന്ന് പറഞ്ഞു.
“അന്നത്തെ ഇൻസ്പേട്ടർ ജോണിക്കുട്ടി എറണാകുളത്ത് മാറ്റം കിട്ടി പോയി. അവിടെ വെച്ച് സുധനെ കണ്ട് അറസ്റ്റ് ചെയ്തു. അപ്പോഴേക്ക് കൊല്ലം അഞ്ചുകഴിഞ്ഞിരുന്നു. പക്ഷേ ആ കുട്ടീടെ അറുകൊലയെ അകറ്റാൻ ആർക്കും പറ്റീല. അത് ഇവിടെ ഒക്കെ നടക്ക്ണ് ണ്ട് ന്നാ സംസാരം. സന്ധ്യ മുറുകിയാൽ ആരും ഇപ്പഴും പൊറത്തേക്ക് ഇറങ്ങാറില്ല. അതല്ല രസം. അമ്പലത്തിലെ ആലിന്റെ കൊമ്പത്ത് ഉണ്ണിനമ്പൂരീം ആളുകളെ പേടിപ്പെടുത്തിക്കൊണ്ട് താമസാത്രെ. അമ്പലം അനാഥായി.”

അയാള്‍ കൂടുതൽ അസ്വസ്ഥനായി.
“എന്നിട്ട് സുധൻ എവിടെ?”
“ഓൻ മൂന്നാലു കൊല്ലായി ജയിലീന്ന് വന്നിട്ട്. ഇപ്പൊ തനി ഭ്രാന്താ. ഇതേക്കൂടി ഒക്കെ നടക്ക്ണ് കാണാം. ഇവിടെ വന്നാൽ ഞാൻ ചായേം കടീം ഒക്കെ കൊടുക്കും. ന്നാ സാറ് വൈകണ്ട. ഇപ്പഴേ ആറുമണി ആയി. തിരിച്ചു പോകുന്നതാ നല്ലത്.”

‘തന്റെ പിറകിൽ വസുദയുടെ കൈവളകൾ കിലുങ്ങുന്നുണ്ടോ… കടക്ക് പിറകിലെ കുറ്റിക്കാട്ടിൽ അവളുടെ പാവാടതുമ്പ് ഒരു മിന്നായം പോലെ… കഴുത്തിനുനേരെ അവളുടെ നനുത്ത വിരലുകൾ നീണ്ടു വരുന്നതുപോലെ… അമ്പലപറമ്പിലെ പൊളിഞ്ഞ തറയിലേക്ക് അവളുടെ നഗ്നത മാടി വിളിക്കുതുപോലെ…’

അയാള്‍ എഴുന്നേറ്റ് ഓടി.
“ഇങ്ങനേം മനുഷ്യമ്മാര് പേടിക്കുമോ, ചായക്കാശും കൂടി തരാതെ…” കടയുടമയുടെ ഉള്ളിൽ പരിഹാസം മുറ്റി.

ആ സമയം, റോഡിന്റെ ഏതോ ഒരു വളവില്‍, ഭ്രാന്തൻ സുധന്റെ കൈകൾക്കുള്ളിൽ കിടന്നു പിടയുകയായിരുന്നു പേരറിയാത്ത ആ യാത്രക്കാൻ!

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹