എന്റെ നിഴല്‍ കാണുമ്പോഴൊക്കെ പരാതിയും പരിഭവവുമായി അവര്‍ ആമ്പലിലകള്‍ക്കുള്ളില്‍ നിന്ന് പുറത്തു വരും. അതിന്റെ പൊരുള്‍ എന്തെന്ന് എനിക്ക് നന്നായറിയാം. അതുകൊണ്ട് ഞാനെന്നും അവരോട് എന്റെ നിലപാട് ആവര്‍ത്തിക്കും:
‘മക്കളേ ഞാന്‍ നിരപരാധിയാണ്. നിങ്ങളെ നിങ്ങള്‍ തന്നെ സംരക്ഷിക്കുക.’
എന്റെ ഈ നിസ്സംഗമായ നിലപാട് കാണുമ്പോള്‍ അവര്‍ സ്വയം പിന്‍വാങ്ങും…
കാര്യം അത്ര നിസ്സാരമല്ല. ഈ ആമ്പല്‍ക്കുളത്തിന് അവകാശികളാകുന്ന നിരവധിയെണ്ണം ചുറ്റുപാടുമുണ്ട്. മയില്‍, കുയില്‍, മൈന, മാടത്ത, പ്രാവ്, കുഞ്ഞാറ്റ, ഇരട്ടവാലന്‍, മണ്ണാത്തി, സൂചിമുഖി, തൊപ്പിക്കിളി, പൂത്താങ്കിരി തുടങ്ങി എനിക്ക് പേരറിയുന്നതും പേരറിയാത്തതുമായി നിരവധിയെണ്ണം.
അതിനു പുറമേ പട്ടി, പൂച്ച, മരപ്പട്ടി, കീരി തുടങ്ങി കേമന്മാരായ വേറെ ചില അന്തേവാസികളും. ഇവരൊക്കെ ഇവിടെത്തെ, എന്നേക്കാള്‍ മുന്‍ഗാമികളെന്നാണ് ഇവരില്‍ പലരുടേയും ഭാവം. ശരിയാകാം. ഞാനത് നിഷേധിക്കുന്നില്ല.
ഇത്തിരി വെള്ളം കുടിച്ച് ദാഹമകറ്റാനാണ് ഇവരില്‍ പലരും ഇവിടെയെത്തുന്നത്. ചിലര്‍ക്ക് നീന്തിനീരാടണം. വേറെ ചിലര്‍ക്ക് മുങ്ങിക്കുളിക്കണം. പാവങ്ങള്‍, നിരുപദ്രവകാരികള്‍.
എന്നാല്‍ മീന്‍കൊത്തിയെപ്പോലെ, തവളകളെപ്പോലെ ദുഷ്ടലാക്കുമായി വരുന്ന വേറെ ചിലരുമുണ്ട് കൂട്ടത്തില്‍. അവര്‍ക്ക് ഈ പാവങ്ങളായ മത്സ്യക്കുഞ്ഞുങ്ങൾ വിഴുങ്ങാനും വിശപ്പടക്കാനുമുള്ളതാണ്.
മീന്‍കൊത്തി. പേരുപോലെ തന്നെ മീന്‍കൊതിയന്മാരാണ്. താപ്പും തരവും നോക്കി വരും, റാഞ്ചും, പറന്നു പോകും. വീണ്ടും വരും, റാഞ്ചും. പിന്നെയും വരും, റാഞ്ചും. അങ്ങനെ…
തവളകളുടെ കാര്യം അങ്ങനെയല്ല. അവര്‍ ഈ കുളത്തില്‍ തന്നെ വാസമുറപ്പിച്ച് മീന്‍കുഞ്ഞുങ്ങളെ ശാപ്പിട്ടുകൊണ്ടേയിരിക്കും. എന്റെ മത്സ്യക്കുഞ്ഞുങ്ങളും ഞാനും കഴിഞ്ഞ എത്രയോ കാലങ്ങളായി ഇതൊക്കെ സഹിച്ചുകൊണ്ടിരിക്കുകയാണ്.
അതിനിടെ, ഋതുക്കൾ മാറി മറയുകയും കാലവര്‍ഷം പെരുമ്പറ മുഴക്കി വരികയും ചെയ്യുന്നതോടെ അതും സംഭവിക്കുന്നു…. എവിടെ നിന്നോ വരുന്ന ചില പോക്കാച്ചിത്തവളകള്‍ അവരുടെ പ്രത്യുല്‍പ്പാദനത്തിന് മണിയറയാക്കുന്നതും ശേഷം പ്രസവമുറിയാക്കുന്നതും പവിത്രമായി ഞങ്ങള്‍ സൂക്ഷിക്കുന്ന ആമ്പല്‍ക്കുളമെന്ന ഈ ഇത്തിരി സ്വര്‍ഗ്ഗത്തില്‍ത്തന്നെ.
ആ ദിവസങ്ങളില്‍ ഇവരുടെ നിശാസംഗീതം ഞങ്ങളുടെ നിശ്ശബ്ദതയെ അസഹ്യമായ വിധം കീറിമുറിക്കും.
അതിശയോക്തിയല്ല, ഒരു ലക്ഷം കുഞ്ഞുങ്ങള്‍ക്കെങ്കിലും ജന്മം കൊടുത്താണ് ആ ഒരൊറ്റ രാത്രിക്കുശേഷം തവളദമ്പതിമാര്‍ മറ്റൊരു താവളം തേടിപ്പോകുന്നത്. അതോടെ അനാഥമാകുന്ന വാല്‍മാക്രികളുടെ ലോകം കൂടിയായി ഈ ആമ്പല്‍ക്കുളം മാറും.
കുളത്തില്‍ തവളവാസത്തിന്റെ ചൂരു കിട്ടുന്നതോടെ അടുത്ത പൊന്തക്കാടുകളിലെ മാളങ്ങളില്‍ നിന്ന് പാമ്പുകള്‍ അന്വേഷണങ്ങളുമായി കടന്നു വരും. അതുവരെ വീരശൂരപരാക്രമികളായി വിലസിയിരുന്ന തവളകള്‍ അപ്പോള്‍ പേടിച്ചരണ്ട് ഒളിത്താവളങ്ങള്‍ തേടും.
ഇഴഞ്ഞുവരുന്ന പാമ്പിനു പിന്നാലെ, ‘പാമ്പു വരുന്നേ…’ എന്ന മുന്നറിയിപ്പു നല്‍കി പൂത്താങ്കിരികളും കുഞ്ഞുകിളികളും അലമുറയിടും. എനിക്കും മത്സ്യക്കുഞ്ഞുങ്ങള്‍ക്കുമുള്ള ശ്രദ്ധക്ഷണിക്കലാണത്. ഈ ഒച്ചയും ബഹളവും കേട്ട് അകലെ നിന്നും കാക്കകള്‍ പറന്നെത്തും. ചില നേരങ്ങളില്‍ മയിലുകളും.
മയിലുകളുടെ നിറം കണ്ടാല്‍ പാമ്പുകള്‍ മാളത്തില്‍ മുങ്ങും. പട്ടിയും പൂച്ചയുമൊക്കെ അപ്പോള്‍ പരിസരങ്ങളില്‍ റോന്തു ചുറ്റുന്നതു കാണാനാവും. ആളനക്കമുള്ളേടത്ത് കീരികള്‍ അങ്ങനെ കടന്നുവരാറില്ല.
പിന്നീട് അവിടെ എല്ലാവരുടേയും കാത്തിരിപ്പായിരിക്കും. കുറെക്കഴിയുമ്പോള്‍ നിരാശയോടെ ചിലരൊക്കെ മടങ്ങിപ്പോകാന്‍ തുടങ്ങും. എല്ലാത്തിനും ഈ ഞാന്‍ ഒരാള്‍ സാക്ഷി…